മലപ്പുറം: ആസാം സ്വദേശിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്ത ബംഗാൾ സ്വദേശിക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 45 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ പർഗാനാസ് നോർത്ത് 24 കുഷ്ഡങ്ക റാംബാട്ടി ബെല്ലെ ശംഭു ഹസാരി മകൻ മഹീന്ദ്ര ഹസാരി (32)യെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്.

ബാലികയുടെ പിതാവിന്റെ കൂടെ ജോലി ചെയ്തു വരികയായിരുന്നു പ്രതി. 2022 ഓഗസ്റ്റ് 23ന് ബാലികയും കുടുംബവും താമസിച്ചു വരികയായിരുന്ന കാവനൂരിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നും തട്ടിക്കൊണ്ടു പോയി മുവാറ്റുപുഴ തിരുമാറാടിക്കരയിലുള്ള ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. അരീക്കോട് എസ് ഐയായിരുന്ന അബ്ബാസലിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.

പ്രതിക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി.സബ് ഇൻസ്‌പെക്ടർമാരായ എൻ സൽമ, പി ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. ആസ്സാം സ്വദേശികളായ കുട്ടിയുടെയും പിതാവിന്റെയും മൊഴി ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി രേഖപ്പെടുത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമം 367 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ചു വർഷം കഠിന തടവ്, അര ലക്ഷം രുപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസം തടവ്, പോക്‌സോ ആക്ടിലെ മൂന്ന് (എ), അഞ്ച് (എൽ) വകുപ്പുകൾ പ്രകാരം 20 വർഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഇരു വകുപ്പുകളിലും രണ്ടു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.