- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്; ചെയര്‍മാനായുള്ള നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും; നിയമനം സ്ഥിരം ചെയര്മാന് എന്ന ആവശ്യം പരിഗണിച്ച്
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്
തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനമായ ഓസ്‌കാര്‍ ജേതാവ്, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകുന്നു. റസൂലിനെ പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്തു. നിയമന ഉത്തരവ് ഉടനിറങ്ങും.
നേരത്തെ സംവിധായകന്‍ രഞ്ജിത്തായിരുന്നു അക്കാദമിയുടെ തലപ്പത്ത്. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് നടന്‍ പ്രേംകുമാറിനായിരുന്നു താത്കാലിക ചുമതല. ഇപ്പോള്‍, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പ്രതിഭയുടെ വരവോടെ അക്കാദമിക്ക് പുതിയ ഉണര്‍വ്വ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍.
മലയാള സിനിമയുടെ സൗണ്ട് ഡിസൈനിംഗില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. 2009 ല്‍ 'സ്ലംഡോഗ് മില്ല്യണയര്‍' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാങ്കേതികമികവിലും അവതരണശൈലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച റസൂല്‍ പൂക്കുട്ടിയുടെ വരവ് കേരള ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാഫ്റ്റ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 'കേരള വര്‍മ്മ പഴശ്ശി രാജ' (2009) എന്ന ചിത്രത്തിലെ ഓഡിയോഗ്രാഫിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 'ആടുജീവിതം' (2024) എന്ന ചിത്രത്തിലെ സൗണ്ട് ഡിസൈനിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
കൊല്ലം ജില്ലയിലെ അഞ്ചല്‍, വിളക്കുപാറ സ്വദേശിയാണ് റസൂല്‍. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 1995-ലാണ് ഇദ്ദേഹം ബിരുദം നേടിയത്. ഹോളിവുഡ് സിനിമകള്‍ക്കും റസൂല്‍ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് (ഓസ്‌കാര്‍ അവാര്‍ഡ് കമ്മറ്റി) ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനാണ് ഇദ്ദേഹം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബ്രിട്ടീഷ് ചലച്ചിത്രങ്ങള്‍ എന്നിവയില്‍ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടിക്ക് വലിയ ബ്രേക്ക് ലഭിച്ചു. തുടര്‍ന്ന് മുസാഫിര്‍ (2004), സിന്ദ (2006), ട്രാഫിക് സിഗ്‌നല്‍ (2007), ഗാന്ധി, മൈ ഫാദര്‍ (2007), സാവരിയ (2007), ദസ് കഹാനിയാന്‍, കേരള വര്‍മ്മ പഴശ്ശി രാജ (2009), യന്തിരന്‍ (2010), ആടുജീവിതം (2024), പുഷ്പ 2: ദി റൂള്‍ , കങ്കുവ, പത്തേമാരി, കുഞ്ഞനന്തന്റെ കട, അടയാളങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍.
'ഒറ്റ' എന്ന മലയാള സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇതില്‍ ആസിഫ് അലി, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'എന്റെ കാതൊപ്പുകള്‍' എന്ന പേരില്‍ ഒരു ആത്മകഥാപരമായ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.




