- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ': മലയാളത്തില്‍ രത്തന്‍ ടാറ്റയുടെ ജീവചരിത്രം വരുന്നു; രചയിതാവ് ബിസിനസ് പത്രപ്രവര്‍ത്തകനും സ്റ്റാര്‍ട്ടപ്പ് മെന്ററുമായ ആര്‍. റോഷന്
മലയാളത്തില്‍ രത്തന്‍ ടാറ്റയുടെ ജീവചരിത്രം വരുന്നു
കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായി രത്തന്‍ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്രം ഉടന്‍ പുറത്തിറക്കുന്നു. 'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ' എന്ന പേരിലുള്ള ഈ സ്വതന്ത്ര ജീവചരിത്രം പ്രമുഖ ബിസിനസ് പത്രപ്രവര്‍ത്തകനും സ്റ്റാര്‍ട്ടപ്പ് മെന്ററുമായ ആര്‍. റോഷനാണ് രചിച്ചിരിക്കുന്നത്.
രത്തന്‍ ടാറ്റ അന്തരിച്ചിട്ട് ഒക്ടോബര്‍ ഒന്‍പതിന് ഒരു വര്‍ഷമാകുകയാണ്. അതിന് മുന്നോടിയായി ഈ ആഴ്ച പുസ്തകം വിപണിയിലെത്തും. ഇംഗ്ലീഷില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം നേരത്തെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ സമഗ്രവും സ്വതന്ത്രവുമായ ജീവചരിത്രം ആദ്യമായാണ് പുറത്തിറങ്ങുന്നത്.
വിദേശപഠനം കഴിഞ്ഞെത്തി ടാറ്റ മോട്ടോഴ്സിന്റെയും ടാറ്റ സ്റ്റീലിന്റെയുമൊക്കെ ഫാക്ടറി ഫ്ളോറിലെ സാധാരണജീവനക്കാരനില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ അമരത്തെത്തിയ കഥ, ഇന്‍ഡിക എന്ന ഇന്ത്യയുടെ സ്വന്തം കാര്‍ ബ്രാന്‍ഡ് കെട്ടിപ്പടുത്ത കഥ, സ്‌കൂട്ടറില്‍ സഞ്ചരിച്ച സാധാരണക്കാര്‍ക്കായി ചെറുകാര്‍ വേണമെന്ന് അദ്ദേഹം കണ്ട സ്വപ്നം, വിദേശമണ്ണില്‍ ചെന്ന് അത്യാഡംബര കാര്‍ കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെയും സ്റ്റീല്‍ കമ്പനിയായ കോറസിനെയും ബ്രിട്ടീഷ് തേയില കമ്പനിയായ ടെറ്റ്ലിയെയുമൊക്കെ ഏറ്റെടുത്ത് വ്യവസായ ലോകത്തിന്റെ നെറുകയില്‍ ടാറ്റ എന്ന ബ്രാന്‍ഡിനെ മാത്രമല്ല, ഇന്ത്യയെത്തന്നെ പ്രതിഷ്ഠിച്ച പ്രചോദനം എന്നിവ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിലെ ഒട്ടേറെ ജീവനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം കാണിച്ച മനുഷത്വം, പിന്‍ഗാമിയായി വന്ന സൈറസ് മിസ്ത്രി, ടാറ്റ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ ആ നടപടി തിരുത്താന്‍ കാണിച്ച വൈഭവം, സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുമ്പോഴും ഏറ്റെടുക്കലുകള്‍ നടത്തുമ്പോഴും അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണം.... അങ്ങനെ വലിയ വലിയ മാനേജ്മെന്റ് പാഠങ്ങളാണ്, ജീവിത പാഠങ്ങളാണ് അദ്ദേഹം സമ്മാനിക്കുന്നത്. രത്തന്‍ ടാറ്റയ്ക്ക് കേരളവുമായുള്ള ആത്മബന്ധവും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
200 പേജുള്ള പുസ്തകത്തില്‍ അമൂല്യമായ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 280 രൂപയാണ് വില.