തൃശൂർ:സംസ്ഥാനത്ത് ദരിദ്രരിൽ ദരിദ്രരായ 7317 കുടുംബങ്ങൾക്ക് റേഷൻകാർഡ് നൽകാൻ പൊതുവിതരണ വകുപ്പിന്റെ നടപടി.14 ജില്ലകളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനയിൽ കേരളത്തിൽ 64006 അതിദരിദ്രരെയാണ് കണ്ടെത്തിയത്.ഇവരിൽ റേഷൻകാർഡ് ഇല്ലാത്തവർക്ക് കാർഡ് നൽകാനാണ് ധാരണ.ഇത് അനുസരിച്ച് താലൂക്ക് സപ്ലൈ ഓഫിസുകൾ കേന്ദ്രീകരിച്ച് ഇവർക്ക് കാർഡുകൾ അനുവദിക്കാനാണ് വകുപ്പിന്റെ തീരുമാനം.

ആദ്യം സൗജന്യമായി ആനുകൂല്യങ്ങൾ ഇല്ലാത്ത പൊതുകാർഡാണ് (വെള്ള) നൽകുക.പിന്നാലെ ഗുണഭോകൃത കാർഡുകളിലേക്ക് ഇവ മാറ്റും. മാനദണ്ഡങ്ങൾ പരിശോധിച്ച് അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലേക്കാവും മാറ്റുക.

അതേ സമയം 7317 കുടുംബങ്ങളിൽ 4889 പേർക്ക് ആധാർകാർഡ് ഇല്ലാത്തതിനാൽ റേഷൻകാർഡ് നൽകാനാവാത്ത സാഹചര്യമാണുള്ളത്.ഈ പ്രതിസന്ധി പരിഹരിക്കാൻ ആധാർകാർഡ് നൽകാനും ധാരണയായിട്ടുണ്ട്. അനർഹമായി ഗുണഭോകൃത കാർഡ് കൈവശം വെച്ചവർക്കെതിരെ നടപടി തുടരുന്നതിനാൽ അതിദരിദ്രർക്ക് അന്ത്യോദയ, മുൻഗണന കാർഡ് ലഭ്യമാവാൻ അവസരവുമുണ്ട്. 13942 കാർഡുകളാണ് അടുത്തിടെ അന്ത്യോദയ, മുൻഗണന വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ഇതിൽ 7317 കാർഡുകൾ അതിദരിദ്രർക്ക് നൽകും.