- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്റ്ററിങ് കഴിഞ്ഞതോടെ ഇ-പോസില്‍ പേരില്ല; ഒട്ടേറെ പേര്‍ക്ക് റേഷന്‍ മുടങ്ങി
മസ്റ്ററിങ് കഴിഞ്ഞതോടെ ഇ-പോസില്‍ പേരില്ല; ഒട്ടേറെ പേര്‍ക്ക് റേഷന്‍ മുടങ്ങി
ആലപ്പുഴ: റേഷന്‍കാര്‍ഡ് മസ്റ്ററിങ് നടത്തിയതിനു പിന്നാലെ പേരുകള്‍ വ്യാപകമായി ഇ-പോസ് സെര്‍വറില്‍നിന്ന് അപ്രത്യക്ഷമായി. ഇതോടെ ഒട്ടേറെപ്പേര്‍ക്ക് റേഷന്‍ മുടങ്ങി. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു മാത്രമാണ് മസ്റ്ററിങ്. എന്നാല്‍, പൊതുവിഭാഗത്തിലെ വെള്ള, നീല കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരുടെ പേരുകളടക്കം ഇ-പോസില്‍ കാണാനില്ല.
ഒക്ടോബറിലെ റേഷന്‍ വിതരണം വ്യാഴാഴ്ച തുടങ്ങിയപ്പോഴാണ് പലരുടെയും പേരുകളില്ലെന്നു വ്യക്തമായത്. പരാതിയുയര്‍ന്നതോടെ സിവില്‍ സപ്ലൈസിന്റെ ഐ.ടി. വിഭാഗം തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. മാസങ്ങള്‍ക്കു മുന്‍പ് മസ്റ്ററിങ് നടത്തിയവരുടെയും റേഷന്‍ വാങ്ങാനെത്തിയപ്പോള്‍ ഓട്ടൊമാറ്റിക്കായി മസ്റ്ററിങ് പൂര്‍ത്തിയാക്കിയവരുടെയും പേരും അപ്രത്യക്ഷമായി.
ഒരു കാര്‍ഡിലെ രണ്ടും മൂന്നും പേരുകള്‍വരെ കാണാനില്ല. പേരുള്ള അംഗങ്ങളില്‍ ആരെങ്കിലുമെത്തിയാലേ റേഷന്‍ ലഭിക്കൂവെന്ന സ്ഥിതിയാണ്. പേരില്ലെങ്കിലും വിഹിതത്തില്‍ കുറവുകാണിക്കുന്നില്ല.
ഓരോമാസത്തെയും ആദ്യപ്രവൃത്തിദിവസം ഭക്ഷ്യധാന്യവിഹിതം ഇ-പോസില്‍ ക്രമീകരിക്കാന്‍ റേഷന്‍കടകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍, ഇത്തവണ ഒന്നാംതീയതി അവധി കൊടുത്തിരുന്നില്ല. തെക്കന്‍മേഖലയിലെ ഏഴു ജില്ലയിലെ മസ്റ്ററിങ് ഈ ദിവസം നടന്നിരുന്നു. ഇ-പോസ് ക്രമീകരണവും മസ്റ്ററിങ്ങും ഒരുപോലെ നടത്തിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് സിവില്‍സപ്ലൈസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ആശങ്കപ്പെട്ടിരുന്നു.
1.40 കോടിയോളം പേരുടെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവ താലൂക്ക് സപ്ലൈഓഫീസുകളില്‍ പരിശോധിച്ച് 1.21 കോടിയാളുകളുടെ മസ്റ്ററിങ്ങിന് അംഗീകാരം നല്‍കി. 17.05 ലക്ഷം പേരുടെ മസ്റ്ററിങ്ങിന് അംഗീകാരം ലഭിക്കാനുണ്ട്. ഇതാണോ പ്രശ്‌നത്തിനു കാരണമെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.