- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പി.എമ്മിന് വൻ തിരിച്ചടി; കൂത്താട്ടുകുളം നഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്സണ്‍
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ സി.പി.എം വിമത അംഗമായ കലാ രാജു ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ പിന്തുണയോടെയാണ് കലാ രാജു വിജയം നേടിയത്. 12നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്.
അവിശ്വാസ പ്രമേയത്തിൽ കലാ രാജുവും സ്വതന്ത്ര അംഗം പി.ജി. സുനിൽകുമാറും യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സി.പി.എം പ്രവർത്തകർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. തട്ടിക്കൊണ്ടുപോകലിനും വസ്ത്രം പിടിച്ച് വലിച്ചെന്ന ആരോപണത്തിനും പിന്നാലെ രണ്ട് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
പാർട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് താൻ മനഃസാക്ഷിക്ക് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും സി.പി.എം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നെന്നും കലാ രാജു അന്ന് പറഞ്ഞിരുന്നു. ഇനി യു.ഡി.എഫിനൊപ്പമായിരിക്കും തന്റെ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും പുറത്താക്കിയാലും നേരിടാൻ തയ്യാറാണെന്നും കലാ രാജു അറിയിച്ചു. സി.പി.എം താൻ പ്രവർത്തിച്ച പാർട്ടിയാണെന്നും എന്നാൽ അവർ തന്നെ ചതിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.