കൊച്ചി: കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചുവപ്പ് തിരമാല (റെഡ് ടൈഡ്) പ്രതിഭാസത്തിന്‍റെ കാരണങ്ങളും സാധ്യതകളെയും കുറിച്ച് വിശദീകരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തുടർച്ചയായ മൺസൂൺ മഴയെത്തുടർന്നുണ്ടായ കരയിൽ നിന്നുള്ള നീരൊഴുക്ക്, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവയാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കി.

കനത്ത മഴയിൽ തീരക്കടലുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പോഷക സമൃദ്ധമാകുന്നു. ഇത് നൊക്റ്റിലൂക്ക സിന്‍റിലാൻസ് എന്ന ഡൈനോഫ്‌ളാജെലേറ്റ് മൈക്രോ ആൽഗയുടെ അമിതമായ വളർച്ചയ്ക്ക് (ബ്ലൂം) കാരണമാകുന്നു. ഇതാണ് ചുവപ്പ് തിര പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണം. ഈ സൂക്ഷ്മ പ്ലവകങ്ങൾ വെള്ളത്തിന് ഓറഞ്ച് കലർന്ന ചുവപ്പ് നിറം നൽകുന്നു.

ഓഗസ്റ്റ് ആദ്യവാരം മുതൽ കൊയിലാണ്ടി, ചാവക്കാട്, എടക്കഴിയൂർ, നാട്ടിക, ഫോർട്ട് കൊച്ചി, പുത്തൻതോട്, പുറക്കാട്, പൊഴിക്കര തുടങ്ങിയ വിവിധ ബീച്ചുകളിൽ റെഡ് ടൈഡ് ദൃശ്യമായിട്ടുണ്ട്. ഇത് തീരങ്ങളിൽ മാത്രമല്ല, കരയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ, 40 മീറ്റർ ആഴമുള്ള കടൽ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്‌സിറ്റി ആന്റ് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം നടത്തിയ ഫീൽഡ് സർവേയിൽ കണ്ടെത്തി. രാത്രികാലങ്ങളിൽ ഈ ചുവന്ന തിരകൾ കവര് (ബയോലൂമിനസ്സെൻസ്) എന്ന പ്രതിഭാസവും പ്രകടമാക്കുന്നു.

എന്നാൽ, ഈ പ്രതിഭാസം മത്സ്യസമ്പത്തിന് നേരിട്ട് ദോഷകരമല്ലെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. റെഡ് ടൈഡ് പ്രദേശങ്ങളിൽ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ മത്സ്യങ്ങൾ ഈ മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാൽ, പല മത്സ്യങ്ങളുടെയും പ്രധാന ഭക്ഷണമായ ഡയാറ്റമുകൾ, ബാക്ടീരിയകൾ, മറ്റ് പ്ലവകങ്ങൾ തുടങ്ങിയവയെ ഈ ആൽഗകൾ ഭക്ഷിക്കുന്നതിനാൽ, തീവ്രമായ ആൽഗൽ ബ്ലൂം ഉണ്ടാകുമ്പോൾ മത്സ്യങ്ങളുടെ ഭക്ഷ്യലഭ്യതയെ സാരമായി ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ സൂചിപ്പിച്ചു.