തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല.

25 മുതൽ 40 ശതമാനം വരെ കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി ആവശ്യം. നിലവിൽ 20 ശതമാനമാണ് പരമാവധി കൂട്ടിയത്. 2022 ജൂണിലാണ് അവസാനമായി വൈദ്യുതി നിരക്ക് അവസാനമായി കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി,ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്‌സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപ നൽകണം. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്‌സഡ് ചാർജായി നൽകേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 100 രൂപ. 51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫിക്‌സഡ് ചാർജ് 65. ത്രീഫേസ് ഫിക്‌സഡ് ചാർജ് 140. 101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർ യൂണിറ്റിന് 5.10രൂപ നൽകണം. സിംഗിൾഫേസ് ഫിക്‌സഡ് ചാർജ് 85. ത്രീഫേസ് ഫിക്‌സഡ് ചാർജ് 170.

151 യൂണിറ്റ് മുതൽ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്‌സഡ് ചാർജ് 120. ത്രീഫേസ് ഫിക്‌സഡ് ചാർജ് 180. 200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപ നൽകണം. സിംഗിൾഫേസ് ഫിക്‌സഡ് ചാർജ് 130. ത്രീഫേസ് ഫിക്‌സഡ് ചാർജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോൺ ടെലസ്‌കോപ്പിക്). 0300 യൂണിറ്റിന് 6.40രൂപ. 0350 യൂണിറ്റുവരെ 7.25രൂപ. 0400 യൂണിറ്റുവരെ 7.60രൂപ. 0500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്‌സഡ് ചാർജില്ല. എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾക്കും നിരക്കിൽ ഇളവുണ്ട്.

വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മിഷൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാൻ യോഗം ചേർന്നത്. നിരക്കുവർധന ഇന്നലെ നിലവിൽ വരുന്ന രീതിയിൽ ഉത്തരവിറക്കാനായിരുന്നു തീരുമാനം. യോഗത്തിനിടെ കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ തീരുമാനം മാറ്റിയതായി കമ്മിഷൻ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.