കൊച്ചി: വീട്ടിൽ പരാതി അന്വേഷിക്കാൻ എത്തിയ എഎസ്‌ഐയെ വിരമിച്ച എസ്‌ഐ കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം ഏലൂരിലാണ് സംഭവം. ഏലൂർ സ്റ്റേഷനിലെ എഎസ്‌ഐ സുനിൽകുമാറാണ് ആക്രമണത്തിനിരയായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വിരമിച്ച സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ പോളാണ് ആക്രമണത്തിന് പിന്നിൽ. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമാണ് സംഭവം. വീടിനുള്ളിൽ ആയിരുന്ന പോളിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയുടെ കൈയ്ക്ക് വെട്ടേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരേയും ആക്രമണശ്രമം നടന്നു. സുനിൽകുമാറിനെ കുത്തിയ വിരമിച്ച എസ്‌ഐ മഞ്ഞുമ്മൽ കോളനിപ്പടിക്കു സമീപം അച്ചാരുപറമ്പിൽ എ.എഫ്.പോളിനെ (62) പൊലീസ് ബലമായി കീഴടക്കി കസ്റ്റഡിയിലെടുത്തു.

പോൾ മദ്യപിച്ചു വീട്ടിൽ ബഹളമുണ്ടാക്കുകയും മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യാഭീഷണി മുഴക്കുന്നുവെന്നും മകൾ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാൻ എസ്‌ഐ ജയകൃഷ്ണനും എഎസ്‌ഐ സുനിൽകുമാറും സിവിൽ പൊലീസ് ഓഫിസറും വീട്ടിലെത്തി. വാതിലിൽ തട്ടിയപ്പോൾ വാതിൽ തുറന്നു പോൾ നീളമുള്ള കത്തിയുമായി ചാടിവീഴുകയായിരുന്നു. തലങ്ങും വിലങ്ങും പോൾ കത്തിവീശി. തടയുന്നതിനിടയിലാണു സുനിൽകുമാറിന്റെ കയ്യിനു കുത്തേറ്റത്.

സുനിൽകുമാറിനെ കൂടെയുണ്ടായിരുന്ന പൊലീസുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കൺട്രോൾ റൂം എസ്‌ഐമാരായ ബിജു ജോൺ (സിആർവി 9), ബിനു (സിആർവി 22) എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തെ പോൾ വടി ഉപയോഗിച്ചു മർദിക്കാൻ ശ്രമിച്ചു. പോളിനെ പൊലീസ് സംഘം ബലമായി കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിൽനിന്ന് 2018ലാണു പോൾ വിരമിച്ചത്.