തിരുവനന്തപുരം: വിഴിഞ്ഞത്ത് കൈവിരലിൽ മോതിരം കുടുങ്ങി വേദനകൊണ്ട് പുളഞ്ഞ അഞ്ച് വയസ്സുകാരന് രക്ഷകരായി ഫയർഫോഴ്സ് എത്തി. വിഴിഞ്ഞം സ്വദേശി മുഹമ്മദ് അസ്‌ലാൻ എന്ന ബാലന്റെ ഇടതു കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അതിവിദഗ്ധമായി നീക്കം ചെയ്തത്.

രണ്ടുദിവസം മുമ്പ് വിരലിലിട്ട മോതിരം മുറുകി നീര് വന്നതോടെയാണ് കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങിയത്. നീര് വർദ്ധിച്ചതോടെ വിരൽ പൊട്ടിയൊലിക്കുന്ന അവസ്ഥയിലാവുകയും സ്കൂളിൽ വെച്ച് കുട്ടി വേദനകൊണ്ട് നിലവിളിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്കൂളിലെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർഭോചിതമായി ഇടപെടുകയും റിംഗ് കട്ടർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മോതിരം മുറിച്ചുമാറ്റുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രൻ, ഓഫീസർമാരായ സന്തോഷ് കുമാർ, രാജേഷ്, ആന്റൂ എന്നിവരും ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമയോചിതമായ ഇടപെടലിലൂടെ വിരലിന് കൂടുതൽ പരിക്കേൽക്കാതെ മോതിരം മാറ്റിയതോടെ കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി.