- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; കണ്ണൂർ ജില്ലയിലെ 20 ബോട്ട് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി
കണ്ണൂർ:മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമ്മിക്കുന്ന 10 ബോട്ട് ടെർമിനലുകളും ഉദ്ഘാടനത്തിന് സജ്ജമായി. നാലെണ്ണം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ധനസഹായത്തോടെ സ്വദേശി ദർശൻ സ്‌കീമിൽ നിർമ്മിക്കുന്ന 27 ബോട്ട് ടെർമിനലുകളിൽ 10 എണ്ണവും പൂർത്തിയായി. ബാക്കി 17 ബോട്ട് ടെർമിനലുകൾ ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് നിർമ്മാണ പ്രവൃത്തി അവലോകന യോഗത്തിൽ അറിയിച്ചു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പ്രേം കൃഷ്ണൻ പങ്കെടുത്തു. മലനാട് മലബാർ റിവർ ക്രൂസിന്റ ഭാഗമായി 127 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ ടൂറിസം വകുപ്പുമായി ചേർന്ന് പ്രത്യേക പാക്കേജുകൾ നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഗ്രാമപ്രദേശങ്ങളുടെ സവിശേഷമായ ചരിത്രം, ഭൂപ്രകൃതി, തൊഴിൽ, കല, ഭക്ഷണം തുടങ്ങിയ സാധ്യതകൾ ഉപയോഗപ്പെടുത്തും. മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ നടക്കുന്ന സംരംഭക യോഗങ്ങളിൽ ഹോം സ്റ്റേ, ഹൗസ് ബോട്ട് തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ആർക്കിടെക്റ്റ് ടി വി മധുകുമാർ, ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, ഇൻലാന്റ് നാവിഗേഷൻ എക്സി. എഞ്ചിനീയർ ഷീല, അസി.എക്സി.എഞ്ചിനീയർ സിന്ധു അനൂപ്, കെൽ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.



