കോഴിക്കോട്:ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റമാരാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. ബിജെപിക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം. ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം.മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്റെ പരാമർശം സെമിനാറിന്റെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയോളം നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സെമിനാറിൽ നടത്തിയത്. സ്വപ്നനഗരിയിലെ വേദിയിൽ വിവിധ ജാതി മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കൾ സിവിൽ കോഡ് വിഷയത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിലുള്ള ആശങ്ക പരസ്യമാക്കി. അതേസമയം, വ്യക്തിനിയമ പരിഷ്‌കരണത്തിൽ നിലനിൽക്കുന്ന വ്യത്യസ്ത പ്രകടമാവുകയും ചെയ്തു. വ്യക്തി നിയമങ്ങളിൽ പരിഷ്‌കരണം ആവശ്യമെങ്കിലും അതത് സമുദായങ്ങളിലാണ് ആദ്യം അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതെന്ന നിലപാടാണ് പങ്കുവച്ചത്.