കോട്ടയം: പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലേക്ക് ഇനി ബിഎം ബിസി റോഡിലൂടെ യാത്ര ചെയ്യാം. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നിർമ്മാണം പൂർത്തിയായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവ് വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തിയാണ് ബിഎം, ബിസി നിലവാരത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റസമയത്ത് ദീർഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഈ റോഡിന്റെ പ്രശ്നം ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനങ്ങളും മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇപ്പോൾ മികച്ച നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്.

ആയിരക്കരണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഇടമാണ് ഇലവീഴാപ്പൂഞ്ചിറ. റോഡ് തകർന്ന് കിടന്നിട്ടും ഓഫ് റോഡ് സവാരി നടത്തി നൂറുകണക്കിന് സഞ്ചാരികൾ പൂഞ്ചിറ കണ്ട് മടങ്ങുന്നുണ്ടായിരുന്നു. വാഗമൺ, ഇല്ലിക്കൽ കല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം ഇനി ഇലവീഴാപ്പൂഞ്ചിറയും കണ്ടുമടങ്ങാം.