കുമ്പനാട്(തിരുവല്ല): ഒരു കലുങ്ക് പണി കാരണം ഒരു പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി വലയുന്നു. ആദ്യം ഗതാഗത തടസമായിരുന്നു. പിന്നീട് ജലവിതരണം മുടങ്ങുന്നതാണ് പ്രശ്നം. കുമ്പനാട് ചെമ്പകശ്ശേരി പടിയില്‍ നിന്ന് നെല്ലിമല ഗുരുമന്ദിരം വഴിയുള്ള റോഡിലെ കലുങ്കാണ് നാട്ടുകാരെ വലയ്ക്കുന്നത്.

പ്രളയ സമയത്ത് വെള്ളം കയറാതിരിക്കാന്‍ ഉയരം കൂട്ടുന്നതിന്റെ ഭാഗമായി കലുങ്ക് അടക്കം പൊളിച്ചിട്ടു. ഒരു വര്‍ഷത്തോളം ഇത് നെല്ലിമലക്കാരുടെ വഴിമുടക്കി. കലുങ്ക് പൊളിച്ച സമയത്ത് ഇതുവഴിയുള്ള കുടിവെള്ള പൈപ്പ് ലൈനുകളും വിഛേദിച്ചു. നെല്ലിമല ഭാഗത്തേക്ക് വെള്ളമെത്തുന്നത് നിലച്ചിട്ട് മൂന്നു വര്‍ഷത്തിലധികം ആയിരിക്കുന്നു. നാട്ടുകാര്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഇന്നേവരെ ഇവിടെയുള്ള ഉപഭോക്താക്കള്‍ക്ക് ഇത് പുനഃസ്ഥാപിച്ച് കൊടുക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ജനപ്രതിനിധികള്‍ ആകട്ടെ ജങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നുമില്ല.

ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കലുങ്ക് പുനര്‍ നിര്‍മിച്ചത് ഉദ്ഘാടനം ചെയ്തു. പക്ഷേ, കുടിവെള്ളം മുടങ്ങിയത് പുനഃസ്ഥാപിച്ചിട്ടില്ല. ഈ വേനല്‍ക്കാലത്ത് ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നെല്ലിമല നിവാസികളുടെ തീരുമാനം. ആദ്യം അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ജനപ്രതിനിധികളുടെ വീട്ടിലേക്ക് പ്രതിഷേധം.

പിന്നീട് വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് അടക്കമുള്ള അധികാരികളുടെ ഇരിപ്പിടങ്ങളിലേക്കും. വേനല്‍ക്കാലത്ത് കനാല്‍ തുറന്നു വകനാല്‍ തുറന്നു വിട്ടില്ലങ്കില്‍ നെല്ലിമലയിലെ മിക്ക കിണറുകളും വറ്റുന്ന അവസ്ഥയാണ്.