ഇടുക്കി: കനത്ത മഴ അവഗണിച്ച് നടത്തിയ ടാറിംഗ് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു. ഇടുക്കിയില്‍ മലയോര ഹൈവേയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിലെ ടാറിംഗാണ് നിര്‍മ്മാം കഴിഞ്ഞതിന് തൊട്ടു പിന്നാലെ പൊളിഞ്ഞത്. ഇതേത്തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിങ് നടത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധിച്ചുരുന്നു. തുടര്‍ന്ന് ടാറിഗ് നിര്‍ത്തിവെക്കുകയും പാതിരാത്രിയോടുകൂടി പുനഃരാരംഭിക്കുകയും ചെയ്തുു. ഈ ടാറിങ്ങാണ് പകല്‍ വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പൊളിഞ്ഞു പോയത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴയത്തും റോഡുകളിപ്പോള്‍ ടാര്‍ ചെയ്യാം. പക്ഷേ മണിക്കൂറുകള്‍ക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

78 കോടി രൂപ ചെലവിലാണ് കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിര്‍മ്മാണം. ഒരു കിലോമീറ്ററിന് 2.75 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ തൂക്കുപാലം മുതല്‍ കല്ലാര്‍ ടൗണ്‍ വരെയുള്ള ഭാഗത്തെ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഈ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.