റാന്നി: പിഎസ്‌സി അംഗം അഡ്വ. റോഷൻ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും. പിഎസ്‌സിയുടെ നിയമ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ലിറ്റിഗേഷൻ കമ്മിറ്റിയുടെയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫിനാൻസ് കമ്മിറ്റിയുടെയും ചെയർമാൻ ആയിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, സെനറ്റ് മെമ്പർ, അക്കാദമിക് കൗൺസിൽ അംഗം, കേരള സർവകലാശാല സെനറ്റ് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ റാന്നി ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് 2017 ഓഗസ്റ്റ് 21 ന് സർക്കാർ പിഎസ്‌സി അംഗമായി ഗവർണർ നിയമിച്ചത്.

ചുമതല എൽക്കുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിഎസ്‌സി അംഗമായിരുന്നു റോഷൻ റോയി മാത്യു. പിഎസ്‌സിയിൽ അംഗമായിരിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കാഴ്ചയില്ലാത്ത 24 പേർക്ക് കണ്ണുകൾ ദാനമായി നൽകി വെളിച്ചം നൽകിയ ' കാഴ്‌ച്ച 'നേത്രദാന സേനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് റോഷൻ. മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ കൂട്ടായ്മയായ കാഴ്ചയിലൂടെ 8563 പേർക്ക് പൂർണമായും സൗജന്യ തിമിര ശസ്ത്രക്രിയയും 76921 പേർക്ക് സൗജന്യമായി നേത്ര ചികിത്സയും ചെയ്തു നൽകിയിട്ടുണ്ട്.

സിപിഎം ഏരിയ സെക്രട്ടറി ആയിരിക്കെ ശബരിമല ഉൾവനത്തിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് നടത്തിയ പ്രവർത്തനം, യുവജന നേതാവായിരിക്കെ അരലക്ഷം യുവാക്കളുടെ നേത്രദാന പ്രഖ്യാപനം, ജില്ലയിലെ 1000 നിർദ്ധരരായ വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഉൾപ്പെടെ ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ എല്ലാം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയമത്തിലും, കൊമേഴ്സിലും ബിരുദധാരിയായ റോഷൻ നിലവിൽ അണ്ണാ സർവ്വകലാശാലയിൽ ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ്.