തൃശൂർ : സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലെ റബ്ബർതോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ചേലക്കര മുള്ളൂർക്കരയിൽ വാഴക്കോട് റോയിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് അവശിഷ്ടം കിട്ടിയത്. മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ട്.

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരം അനുസരിച്ച് മച്ചാട് റേഞ്ച് ഉദ്യോഗസ്ഥർ ഇവിടെയെത്തി ജെ.സി.ബി ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ജഡം കണ്ടെത്തി. എല്ലുകളും ഒരു കൊമ്പും കണ്ടെത്തി. വസ്തുവിന്റെ ഉടമയായ റോയി ഒളിവിലാണ്. ആനയെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വനംമന്ത്രി പറഞ്ഞു.

റോയിയുടെ വീട്ടിൽ നിന്നും 30 മീറ്റർ മാത്രം അകലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നുമാണ് അവശിഷ്ടം കിട്ടിയത്. ആനയുടെ സ്ഥിര സാന്നിദ്ധ്യം ഉള്ള പ്രദേശമാണ് ഇവിടം. 15 വയസ്സിൽ താഴെ പ്രായമുള്ള ആനയാണ് കൊല്ലപ്പെട്ടത്. ആന ചെരിഞ്ഞത് വെടിയേറ്റല്ലെന്നും കണ്ടെത്തി. എങ്ങിനെയാണ് ആനയെ കുഴിച്ചുമൂടാനാകുക എന്ന സംശയത്തിലാണ് അധികൃതർ.

ആന ചരിഞ്ഞത് എങ്ങിനെയാണ് എന്നാണ് പ്രധാനമായും അറിയേണ്ടത്. റോയി അറിഞ്ഞാണോ മൃതദേഹം അയാളുടെ പറമ്പിൽ സംസ്‌ക്കരിച്ചത് എന്നും അറിയേണ്ടതുണ്ട്. മൃതദേഹം വേഗത്തിൽ അഴുകിദ്രവിച്ചു പോകാൻ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്.