കൊച്ചി: സർവീസ് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ട് കൃത്യമായി നൽകാത്തതിന് സർക്കിൾ ഇൻസ്‌പെക്ടറിൽ നിന്ന് 5,000 രൂപ പിഴയീടാക്കാൻ വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ആർ. ഷാബുവിനാണ് പിഴ വിധിച്ചത്.

തൃക്കാക്കര സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ജോലിചെയ്തിരുന്ന റോയി കെ. പുന്നൂസിന്റെ സർവീസ് സംബന്ധിച്ച ചോദ്യങ്ങൾക്കാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽനിന്ന് വ്യക്തമായ വിവരങ്ങൾ കിട്ടാതിരുന്നത്. തൃക്കാക്കര ആയില്യംകാവ് മാനേജിങ് കമ്മിറ്റി സെക്രട്ടറി ഷനോജ് രവീന്ദ്രൻ നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്.

തൃക്കാക്കര തോപ്പിൽ ആയില്യംകാവിലെ നാഗരാജ ദേവസ്ഥാനത്തുള്ള മരങ്ങൾ ആസിഡ് ഒഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതെ വന്നതിലും ഈ സമയത്ത് തൃക്കാക്കര പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.