കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായത്. എഎസ്‌ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്‌പെൻഡ് ചെയ്തു.

പരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്‌സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്നാണ് യുവതിയുടെ പരാതി. ഈ പരാതിയൽ അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.

എസ്‌ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എഎസ്ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ചതോടെ കമ്മിഷണർ വിഷയം അന്വേഷിക്കാൻ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.

അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ശേഷം എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെ സിറ്റി പൊലീസ് കമ്മീഷണർ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും സമാനമായ ചില പരാതികൾ ഉയർന്നതായി ആക്ഷേപമുണ്ട്.