കൊച്ചി: ശബരിമല ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി. തിരക്കുള്ള ദിവസങ്ങളിൽ ഒരു മണിക്കൂർ ദർശന സമയം നീട്ടുക എന്ന നിർദേശമാണ് കോടതി മുന്നോട്ടുവെച്ചത്. ഇക്കാര്യം ആലോചിക്കാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് പത്തനംതിട്ട കളക്ടറോടും പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. അടിയന്തരമായി വിളിച്ചുചേർത്ത പ്രത്യേക സിറ്റിങ്ങിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. അതിനിടെ ശബരിമല ദർശനസമയം അരമണിക്കൂർ കൂട്ടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. ഞായറാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ രാത്രി 11.20 വരെ ക്ഷേത്രം തുറക്കും. ഇതോടെ പതിനെട്ടര മണിക്കൂർ ദർശനത്തിന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി ഇടപെടലിന് ശേഷമാണ് ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം. ആചാരപരമായ കാര്യങ്ങൾ ഉള്ളതുകൊണ്ട് ശബരിമല ദർശന സമയം നീട്ടുന്ന കാര്യത്തിൽ തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാം എന്നാണ് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് ശബരിമലയിൽ ഉണ്ടാകുന്നത്. കോവിഡ് കാലത്തിന് ശേഷം വലിയ തോതിൽ ഭക്തജനങ്ങളാണ് ശബരിമലയിൽ എത്തുന്നത്. വെർച്വൽ ക്യു വഴി തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നുണ്ടെങ്കിലും ബുക്കിങ് വർധിച്ചു വരുന്നു എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ബുക്കിങ്ങിലടക്കം നിയന്ത്രണം വേണ്ടിവരും എന്ന കാര്യം പൊലീസും ദേവസ്വം ബോർഡും വ്യക്തമാക്കുന്നു.

ശബരിമലയിൽ എത്തുന്നവർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടിവരരുതെന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്. ഇതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്താനാണ് നിർദ്ദേശം. നിലക്കലിൽ പാർക്കിങ് ഗ്രൗണ്ട് നിറയുന്നതിനനുസരിച്ച് ഇവിടേക്ക് വാഹനം എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം, മുഴുവൻസമയ പൊലീസ് പട്രോൾ ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ കോടതി നിർദേശമായി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഒരു ലക്ഷത്തിന് മുകളിലേക്ക് വെർച്വൽ ക്യു ബുക്കിങ് ഉയരാൻ പാടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാരണം, കൂടുതൽ പേർ എത്തുമ്പോൾ വാഹനങ്ങളും കൂടും. നിലക്കലിൽ അത്രയും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമില്ലെന്നാണ് പലീസ് പറയുന്നത്. 75,000 പേരായിട്ട് വെർച്വൽ ക്യു ബുക്കിങ് എണ്ണം കുറക്കണമെന്നാണ് പൊലീസിന്റെ നിലപാട്. ഇത് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേവസ്വം ബോർഡിന്റേയും പൊലീസിന്റേയും യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും.