ശബരിമല: ശബരിമല തിരക്കിന്റെ പശ്ചാത്തലത്തിൽ ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സ്പോട്ട് ബുക്കിങ് കുറയ്ക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്തർക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ തൊണ്ണൂറായിരം എന്നത് എൻപതിനായിരമായി കുറച്ചതായും സ്പോട്ട് ബുക്കിങ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തർക്ക് കാര്യങ്ങൾ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ അവിടെയുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആവശ്യത്തിലധികം വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യാമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആളുകൾ കൂടന്നത് അനുസരിച്ച് ചില പ്രശ്നങ്ങൾ ഉണ്ട്. എല്ലാം സ്വയംനിയന്ത്രിക്കാൻ ഭക്തർ തയ്യാറായാൽ പ്രശ്നങ്ങൾ കുറയുമെന്നും മന്ത്രി പറഞ്ഞു.