തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യഗ്രഹം. എംഎല്‍എമാരായ സി.ആര്‍. മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സഭ ആരംഭിച്ചയുടന്‍ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. സഭാനടപടികളുമായി സഹകരിക്കുമെങ്കിലും അഴിമതിക്കെതിരായ പ്രതിഷേധം സഭയ്ക്ക് പുറത്ത് ശക്തമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തിന്റെ സമരം ഹൈക്കോടതിക്കെതിരാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സ്വീകരിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും ഇതില്‍ സര്‍ക്കാരിന് പ്രത്യേക റോളില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ശബരിമല വിഷയത്തിന് പുറമെ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും സഭയെ പ്രക്ഷുബ്ധമാക്കി.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമവും സഭയില്‍ ഉന്നയിക്കപ്പെട്ടു. അഴിമതി ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുന്ന ശൈലിയാണ് ഭരണപക്ഷത്തിന്റേതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിഭാഗീയതയും ഫണ്ട് വിവാദവും ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളും സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാരിനെ ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.