- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സുരക്ഷയൊരുക്കാൻ 13000 പൊലീസുകാർ; സന്നിധാനത്ത് മാത്രം സുരക്ഷയ്ക്കായി ഉണ്ടാവുക ഏഴായിരത്തിലധികം പൊലീസ് അയ്യപ്പന്മാർ; തീർത്ഥാടനകാലത്ത് കുറ്റമറ്റ സുരക്ഷയൊരുക്കാൻ കേരള പൊലീസ്
പത്തംനംതിട്ട:ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ കേരള പൊലീസ്.ഇതിനായി 13000 പൊലീസുകാരെ നിയോഗിക്കാനുള്ള ക്രമീകരണങ്ങളാണ് നടപ്പാക്കുക.കോവിഡ് കാലത്തിന് ശേഷം നടക്കുന്ന തീർത്ഥാടനമായതിനാൽ തന്നെ വലിയ തിരക്ക് തന്നെയാണ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.അതിനാൽ 7369 പൊലീസ് അയ്യപ്പന്മാരാകും സന്നിധാനത്ത് മാത്രം ഡ്യൂട്ടിയിലുണ്ടാവുക.
3215 പേരെ പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് തീരുമാനം.അങ്ങനെ ആകെ 13237 പൊലീസുകാർ ആണ് ഈ തീർത്ഥാടനകാലത്ത് ഡ്യൂട്ടിയിൽ ഉണ്ടാവുക.സ്‌പെഷ്യൽ സെക്യൂരിറ്റി സോണായി ശബരിമലയും പരിസരവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകൾ സുരക്ഷയൊരുക്കും.ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും പ്രശ്‌നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പൊലീസുകാരെയും നിയോഗിക്കും.
നിലയ്ക്കലിലും പമ്പയിലും വെർച്ച്വൽ ക്യൂ രേഖകളുടെ പരിശോധന നടത്താനുള്ള ചുമതലയും പൊലീസിനാണ്.ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പൊലീസ് രൂപം നൽകിയിരിക്കുന്നത്.തീർത്ഥാടന കാലത്തിന് മുന്നോടിയായി സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു.തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നീ സമയങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സേനയെ വിന്യസിക്കും.




