കോഴിക്കോട്: കോഴിക്കോട്ടെ മേയര്‍ സ്ഥാനം പുരുഷന് തന്നെ നല്‍കും. തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നും ജയിച്ച ഒ. സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം തീരുമാനം എടുത്തു. കോട്ടൂളി ഡിവിഷനില്‍ നിന്നും വിജയിച്ച എസ് ജയശ്രീ ഡെപ്യൂട്ടി മേയറാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള കൗണ്‍സിലില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന നേതൃത്വവും ഇത് അംഗീകരിച്ചിട്ടുണ്ട്.

സദാശിവന്‍ സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗമാണ് . കോഴിക്കോട്ട് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഔദ്യോഗിക തീരുമാനം അറിയിക്കുക. സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.

സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്. മീഞ്ചന്ത വാര്‍ഡില്‍ മുസാഫറിന്റെ തോല്‍വി പാര്‍ട്ടിയ്ക്ക് ആഘാതമുണ്ടാക്കിയിരുന്നു. വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ്‌കെ അബൂബക്കറാണ് വിജയം നേടിയത്. എസ്‌കെ അബൂബക്കര്‍ യുഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയാകും. പക്ഷേ ഇടതു പക്ഷമേ ജയിക്കൂ.

കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമില്ല. 76 അംഗ കൗണ്‍സിലില്‍ എല്‍ഡി എഫിന് 34 ഉം യുഡിഎഫിന് 26 ഉം എന്‍ഡിഎയ്ക്ക് 13 ഉം സീറ്റ് വീതമാണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നത് സിപിഎമ്മിന് അനുകൂലമാണ്.