തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാന്‍.

കെഎസ്എഫ്ഡിസിയ്ക്ക് കീഴിലുള്ള തിയേറ്ററുകള്‍ ആധുനികവല്‍ക്കരിക്കുന്ന പദ്ധതികള്‍ നടക്കുകയാണ്. ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറ്റുന്നതിനുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ 150 കോടി ചെലവിട്ട് നടപ്പാക്കി വരികയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിര്‍മ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്ത 'അരിക്' എന്ന ചിത്രത്തിന്റെയും മനോജ് കുമാര്‍ സി എസ് സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രത്തിന്റെയും പ്രദര്‍ശനോദ്ഘാടനം ശ്രീ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സിനിമ മേല്‍നോട്ടവും നിര്‍മാണവും മാത്രമല്ല അതിന്റെ വിതരണ മേഖലകളിലെ സേവനങ്ങള്‍ കൂടി നിര്‍വഹിക്കുന്ന നിലയില്‍ കെഎസ്എഫ്ഡിസി മാറും. രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന തരത്തില്‍ ഒരു സിനിമ നിര്‍മ്മിച്ചു പുറത്തിറക്കാന്‍ കെഎസ്എഫ്ഡിസി മുന്‍കൈയെടുക്കും. സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പ്രൊഡക്ഷന്‍ മാനേജ്മെന്റ്, റൈറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍, സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനു വേണ്ടി ചലച്ചിത്ര അക്കാദമി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിനിമ വെറുമൊരു ആശയവിനിമയം മാത്രമല്ല, അതിനെ വ്യവസായമായി രൂപാന്തരപ്പെടുത്തുന്ന നയം നടപ്പിലാക്കുന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ അടുക്കുകയാണ്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം, അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം, തൊഴില്‍ ലഭ്യത, പ്രോത്സാഹനം എന്നിവയില്‍ സര്‍ക്കാര്‍ മുഖ്യപങ്ക് വഹിക്കുമെന്നു മന്ത്രി പറഞ്ഞു.

വനിതകളെയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയില്‍ നിന്നും രണ്ടുവീതം തിരക്കഥകള്‍ക്ക് സിനിമയാക്കാന്‍ ഒന്നരക്കോടി രൂപ വീതം ആറു കോടി രൂപ അനുവദിച്ചത്. വനിതാ വിഭാഗത്തിലെ നാല് സിനിമകള്‍ മുന്‍പ് റിലീസ് ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ നമ്മുടെ മികച്ച കലാകാരന്മാരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, മാനേജിങ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.