- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയെ സര്‍ഗാത്മക സാംസ്‌കാരിക വ്യവസായമായി വളര്‍ത്തും: മന്ത്രി സജി ചെറിയാന്‍; ഫിലിം മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്നും മന്ത്രി
തിരുവനന്തപുരം: പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഫിലിം മാര്‍ക്കറ്റുകള്‍ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോള്‍ പരിമിതികള്‍ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സിനിമ-ഏവിജിസി-എക്സ്ആര്‍ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാര്‍ക്കറ്റ്. ആദ്യപതിപ്പില്‍ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പില്‍ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശില്‍പ്പശാലകള്‍, മാസ്റ്റര്‍ ക്ലാസുകള്‍ എന്നിവ മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായി നടക്കും. ലോകോത്തര നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക വഴി മലയാള സിനിമയെ സര്‍ഗാത്മക സാംസ്‌കാരിക വ്യവസായമായി വളര്‍ത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ടം 2025ല്‍ ഉദ്ഘാടനം ചെയ്യുന്നതിന് തയ്യാറായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് ഉദ്ഘാടനം പിയാനോ സംഗീതോപകരണം വായിച്ചു നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ സി ഡാനിയല്‍ പുരസ്‌കാരം നേടിയ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ചടങ്ങില്‍ തിരുവനന്തപുരം എംഎല്‍എ ആന്റണി രാജു അധ്യക്ഷത വഹിച്ചു.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രതിനിധികളായി ഐഎഫ്എഫ്കെ ക്യൂറേറ്ററും ഫിലിം മാര്‍ക്കറ്റ് കണ്‍സല്‍റ്റന്റുമായ ഗോള്‍ഡ സെല്ലം, മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രോണ്‍സെ അറ്റാഷെ മാത്യൂ ബിജോ, അലയന്‍സ് ഫ്രോണ്‍സെ ഡയറക്ടര്‍ മാര്‍ഗോട്ട് മിഷോഡ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി എസ്, കെഎസ്എഫ്ഡിസി ഭരണസമിതി അംഗങ്ങളായ എം.എ. നിഷാദ്, പി സുകുമാര്‍, ജിത്തു കോലിയാട്, ഷെറിന്‍ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.