- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ നരഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത് ഉന്നതതല ഗൂഢാലോചനകളുടെ ഫലം; മ്യൂസിയം പൊലീസ് മുതൽ ശ്രീറാമിനെ കളക്ടർ പദവിയിലേക്ക് തിരികെ എത്തിച്ചവർ വരെ ഇതിൽ പങ്കാളികൾ; കെ.എം ബഷീർ കേസിൽ ആരോപണങ്ങളുമായി സലീം മടവൂർ
കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ കരുതിക്കൂട്ടിയുള്ള നരഹത്യയിൽ നിന്നും ഒഴിവാക്കിയ വിധിയിൽ രൂക്ഷ പ്രതികരണവുമായി എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ.വിധി തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണ്.അമിത വേഗതയിൽ വാഹനമോടിച്ചാലും മദ്യപിച്ച് വാഹനമോടിച്ചാലും ആളുകൾ മരിക്കുമെന്ന് വ്യക്തമായ ധാരണയുള്ള ആളാണ് പ്രതി.ആ വസ്തുത നിലനിൽക്കെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ ഉന്നതന്മാരടക്കം വിവിധ കോണുകളിൽനിന്നും നടത്തിയ ഗൂഢാലോചനകളാണ് ഇപ്പോഴുണ്ടായിരിക്കുന്ന കോടതി വിധിക്ക് കാരണമായെതെന്ന് സലീം മടവൂർ കുറ്റപ്പെടുത്തി.
കേസ് ആദ്യം കൈകാര്യം ചെയ്ത മ്യൂസിയം സബ് ഇൻസ്‌പെക്ടർ മുതൽ പ്രൊസിക്യൂട്ടർ വരെയുള്ളവരും പ്രതിയെ ആരോഗ്യവകുപ്പിൽ നിയമിച്ചവരും പ്രതി ചെയ്ത കുറ്റത്തിന്റെ സ്വഭാവം പോലും കാര്യമാക്കാതെ അനധികൃതമായി സ്ഥാനക്കയറ്റം നൽകിയ അധികാര കേന്ദ്രങ്ങളും വരെ ഈ ഗൂഢാലോചനയിൽ കുറ്റക്കാരാണ്.അതിനാൽ തന്നെ സത്യം പുറത്തുവരേണ്ടതുണ്ട്.തെളിവ് നശിപ്പിച്ചതിനെക്കുറിച്ചും സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണത്തിന് തയാറാകണമെന്നും സലീം മടവൂർ തന്റെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിധിക്കെതിരെ മേൽകോടതിയിൽ അപ്പിൽ നൽകി കെ.എം. ബഷീറിന്റെ കുടുംബം നിർദേശിക്കുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം. അല്ലാത്തപക്ഷം ഹൈക്കോടതിയിൽ സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അവർ നൽകിയ ഹർജിയിൽ അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




