- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ജോഡോ യാത്ര ലീഗിന്റെ ശക്തി പ്രദേശങ്ങളിലേക്ക് എത്തുന്നതിന് മുൻപേ ലീഗിൽ കൊഴിഞ്ഞുപോക്ക്; ലീഗ് മുൻ സംസ്ഥാന സമിതിയംഗം സമദ് നരിപ്പറ്റ പാർട്ടി വിട്ടു; കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജ്ജവം ലീഗിനില്ലെന്നും സമദ് നരിപ്പറ്റ
കോഴിക്കോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ലീഗിന്റെ ശക്തി പ്രദേശങ്ങളായ വടക്കൻ ജില്ലകളിലേക്ക് കടക്കും മുൻപേ കോൺഗ്രസ്സിനേയും ലീഗിനേയും വിമർശ്ശിച്ചുകൊണ്ട് മുസ്ലിം ലീഗിൽ നിന്നും സംസ്ഥാന നേതാവിന്റെ രാജി. ലീഗിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ ലീഗിൽ (ഐ.എൻ.എൽ) ചേരുന്നുവെന്ന പ്രഖ്യാപനവുമായി മുൻ സംസ്ഥാന കമ്മിറ്റിയംഗം സമദ് നരിപ്പറ്റ.
കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജ്ജവം ലീഗിനില്ലെന്നും ഈ സാഹചര്യത്തിൽ കേരളത്തിൽ യു.ഡി.എഫിന്റെ ഭാഗമായി ലീഗ് തുടരുന്നതിൽ യാതൊരു അർത്ഥമില്ല എന്ന വസ്തുത ഉൾക്കൊണ്ടുകൊണ്ടാണ് തന്റെ രാജിയെന്നും ഖത്തർ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി കൂടിയായ സമദ് നരിപ്പറ്റ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ സംഘടനാ സംവിധാനം ഇന്ന് അങ്ങേയറ്റം ദുർബ്ബലമായ സ്ഥിതിയിലാണുള്ളത്. സംഘടനക്കകത്ത് പ്രവർത്തകർക്ക് അഭിപ്രായങ്ങൾ തുറന്നു പറയാൻ സാധിക്കുന്നില്ല. ലീഗിന്റെ ഭരണഘടന അനുസരിച്ച് കൃത്യമായ ഇടവേളകളിൽ പാർട്ടി കൗൺസിൽ ചേരാറില്ലെന്നും ഇനി ചേർന്നാൽ തന്നെയും അംഗങ്ങൾ പോലുമാവാത്തവരാണ് ഇതിൽ പങ്കെടുക്കുന്നതെന്നും നേതൃത്വത്തിന്റെ വ്യക്തിതാൽപ്പര്യങ്ങൾക്ക് അലുസൃതമായാണ് പാർട്ടിയിലെ തീരുമാനങ്ങളെന്നും സമദ് കുറ്റപ്പെടുത്തി.
വടകര, നാദാപുരം, കുറ്റ്യാടി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൺവെൻഷൻ ഒക്ടോബർ രണ്ടാംവാരം വടകര ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എം.കെ അബ്ദുൽ അസീസ്, ജില്ലാ പ്രസിഡന്റ് ഷർമദ്ഖാൻ എന്നിവരും സമദിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് ഡെസ്ക്