തിരുവനന്തപുരം: സിനിമയിലെത്തി തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി സംയുക്ത മേനോൻ. തുടക്കകാലത്ത് ഷൂട്ടിങ് സെറ്റിൽ മര്യാദയ്ക്ക് ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച്, ഇതാണ് വാഷ് റൂം എന്ന് പറഞ്ഞാൽ, അന്നൊക്കെ ഒകെ പറയുമായിരുന്നുവെന്ന് നടി പറഞ്ഞു. അത് ഒകെ അല്ലെന്ന് പിന്നീടാണ് മനസിലായതെന്നും സംയുക്ത പറയുന്നു.

എന്നാൽ തമിഴിലും തെലുങ്കിലും നടിമാർക്ക് കൂടുതൽ ബഹുമാനം ലഭിക്കാറുണ്ടെന്ന് നടി പറഞ്ഞു. അവിടെ ആർട്ടിസ്റ്റുകലെ ബഹുമാനിക്കുന്ന സ്ഥിതിയാണ് ഷൂട്ടിങ് സെറ്റിലുള്ളതെന്നും നടി പറഞ്ഞു.തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളെക്കുറിച്ചുള്ള വ്യത്യാസം എന്താണെന്ന ചോദ്യത്തിനാണ് നടി ഇങ്ങനെ മറുപടി നൽകിയത്.

തുടക്കകാലത്ത് തനിക്ക് മര്യാദയ്ക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. പോപ്‌കോൺ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സംയുക്ത മേനോൻ ശ്രദ്ധ നേടിയത് ടോവിനോ അഭിനയിച്ച തീവണ്ടി എന്ന സിനിമയിലൂടെ ആയിരുന്നു.

ലില്ലി, യമണ്ടൻ പ്രേമകഥ തുടങ്ങിയ മലയാള സിനിമകളിലും സുപ്രധാന വേഷത്തിൽ സംയുക്ത മേനോൻ അഭിനയിച്ചു. പിന്നീട് ഉയരെ, കൽക്കി, ആണും പെണ്ണും എന്നി സിനിമകളിലും വേഷമിട്ടു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കടുവയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലും സംയുക്ത അഭിനയിച്ചിരുന്നു.

കളരി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ എത്തുന്നത്. തുടർന്ന് ജൂലി കാട്രിൽ എന്ന സിനിമയിലും അഭിനിയിച്ചു. ഭീംല നായക്, ബിംബിസാര എന്നീ തെലുങ്ക് സിനിമകളിലും താരം അഭിനിയിച്ചിട്ടുണ്ട്.നിലവിൽ സംയുക്ത മേനോന് കൈനിറയെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ലഭിച്ചിട്ടുണ്ട്. ബൂമറാങ് എന്ന മലയാളം സിനിമയിലാണ് താരം ഇപ്പോൾ അഭിനിയിക്കുന്നത്. ഇതിനൊപ്പം വാതി എന്ന തമിഴ് സിനിമയിലും സർ എന്ന തെലുങ്ക് സിനിമയിലും അവർ അഭിനയിക്കുന്നുണ്ട്.