- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിയത്തെ ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സന്തോഷിനെ മന്ത്രി റോഷി അഗസ്റ്റിന്റെ പി.എസിന്റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. മന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതും സന്തോഷാണെന്ന് തെളിഞ്ഞിരുന്നു. മലയിൻകീഴ് മഞ്ചയിൽ സ്വദേശിയായ ഇയാഴെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമിച്ചുകയറൽ, മോഷണശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ലൈംഗികാതിക്രമത്തിനിരയായ പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് മ്യൂസിയം കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. പുലർച്ചെ മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമായിരുന്നു സംഭവം.
കാറിലെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഡോക്ടർ ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിയുടേതെന്ന് കരുതുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.




