തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ സൂത്രധാരനായ അമ്പലമുക്ക് ശ്രീവിലാസ് ലൈൻ ശരത്തിൽ ശശികുമാരൻ തമ്പിയുടെ രണ്ട് മുൻകൂർ ജാമ്യ ഹർജികളും കോടതി തള്ളി.ടൈറ്റാനിയം ലീഗൽ ഡി.ജി. എം ആണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇയാളുടെ മുന്നിൽ എത്തിച്ച് അവരിൽ വിശ്വാസം ഉണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

പാൽകുളങ്ങര ക്ഷേത്രം കിഴക്കേ നട സ്വദേശി ഹരികുമാറിൽ നിന്ന് ഒൻപത് ലക്ഷം തട്ടിയെടുത്ത കേസിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ആനാട് ഗാന്ധിനഗർ മലങ്കര ചർച്ചിന് സമീപം സഹോദരങ്ങളായ അജേഷ് മാത്യൂ, അലക്സ് മാത്യൂ, മാണിക്യവിളാകംഅ്രുവിക്കര ലൈനിൽ സച്ചിൻ, കുര്യാത്തി അമ്മൻ കോവിലിന് സമീപം അഭിഷേക്, കല്ലിയൂർ മുത്തുക്കുഴി ജലജനഗറിൽ അഖിൽ, നെടുങ്കാട് കാർത്തിക ഭവനിൽ ഹരികൃഷണ്ൻ എന്നിവരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് വനിതാ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലുമാണ് ശശികുമാരൻ തമ്പി മുൻകൂർ ജമ്യം തേടിയിരുന്നത്. നേരത്തേ പൂജപ്പുര പൊലീസും വെഞ്ഞാറുമ്മൂട് പൊലീസും കന്റോൺമെന്റ് പൊലീസും രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലും ഇതേ കോടതി ഇയാളുടെ മുൻ കൂർ ജാമ്യ ഹർജികൾ തള്ളിയിരുന്നു.

ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്ത്രോതസും പരിശോധനാ വിധേയമാക്കാൻ ഉള്ളതിനാൽ പ്രതിയുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യ ഹർജികൾ തള്ളിയത്.