തിരുവനന്തപുരം : പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ബീഹാർ വിദ്യാർത്ഥി സത്‌നാം സിങ് കൊലക്കേസിൽ ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന ആറാം പ്രതി ദിലീപിനെ തുറന്ന കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവ്. വിചാരണക്കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പ്രതിയെ 12 ന് ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. മാനസിക ആരോഗ്യ കേന്ദ്രം ജീവനക്കാരനായ അനിൽകുമാർ , കൊല്ലം ജില്ലാജയിൽ വാർഡൻ വിവേകാനന്ദൻ , മഞ്ചേഷ് , ആശുപത്രിയിലെ അന്തേവാസി ശരത് , പ്രകാശ് എന്ന പ്രദീഷ് , ദിലീപ് എന്നിവരാണ് കൊലക്കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികൾ. ഇതിൽ അഞ്ചാം പ്രതി പ്രദീഷ് ഇതേ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയവേ ഓഗസ്റ്റ് മാസം മരിച്ചു.

2012 ലാണ് സംഭവം നടന്നത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തിൽ എങ്ങനെയോ എത്തിയ ബീഹാർ സ്വദേശിയായ വിദ്യാർത്ഥി സത്‌നാം മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ജില്ലാ ജയിലിൽ വച്ച് സത്‌നത്തിന് നേരെ വാർഡർമാരുടെ കൈയേറ്റം ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ ഏറ്റവുമൊടുവിൽ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കേബിൾ കൊണ്ടും മറ്റും നടത്തിയ മാരക മർദ്ദനമാണ് തലച്ചോറിനും കഴുത്തിനുമേറ്റ മാരക ക്ഷതത്താൽ ശ്വാസം മുട്ടിയുള്ള മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് കൈയും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെപേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബീഹാർ സ്വദേശി സത്നാം സിംഗിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി 2018 മെയ് 19 ന് അറസ്റ്റ് വാറന്റ് ഉത്തരവിട്ടിരുന്നു. മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരായാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ ഇവർ സ്ഥിരമായി ഹാജരാകാത്തതിനാലാണു വാറന്റ് പുറപ്പെടുവിച്ചത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്ര ത്തിൽ ബിഹാർ സ്വദേശി സത്നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടർമാരുൾപ്പെടെ ഏഴു പേർക്കെതിരെ നടപടി എടുക്കാൻ വകുപ്പുതല അന്വേഷണത്തിൽ ശുപാർശ ചെയ്തിരുന്നു. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. സത്നത്തിന് പേരൂർക്കട ആശുപത്രിയിൽ മർദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ 2012 ൽ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കി. ആശുപത്രി ജീവനക്കാരായ രാജീവ്, ജയകുമാർ, അനിൽ കുമാർ, സുഭാഷ്, അജിത് കുമാർ, ജയിൽ വാർഡൻ വിവേകാനന്ദൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയിൽ കഴിയുന്ന മൂന്ന് അന്തേവാസികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റ് ആശുപത്രി ജീവന ക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചു.

കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയിൽ, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലിൽ വച്ച് സത്നത്തിനു നേരെ വാർഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്ര ത്തിൽ വച്ച് നടന്ന മർദ്ദനമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് കൈയും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ പേരൂർക്കട ആശുപത്രിയിൽ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയിൽ മരിച്ചു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പ്പെടുന്നത്.

ഭക്ഷണം നൽകാൻ എത്തിയവർ സത്നത്തെ കക്കൂസിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്നം എതിർത്തതാണ് മർദ്ദന ത്തിന് കാരണമായത്. മർദ്ദനമേറ്റ് അവശനായ സത്നത്തിന് മതിയായ ചികിത്സ നൽകുന്നതിൽ ഡ്യൂട്ടി ഡോക്ടർ വീഴ്ച വരുത്തി യതായും അന്വേഷണ ത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാട്ടിൽ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്ന് ആവശ്യം ഉയർന്നെങ്കിലും ബന്ധുക്കളുടെ എതിർപ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങൾക്കായി ബിഹാർ പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടിരുന്നു.