കോഴിക്കോട്: കേരളത്തില്‍ ജാതി സെന്‍സസ് വൈകുന്നതില്‍ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. കേരളത്തില്‍ ജാതി സെന്‍സസ് നടത്താന്‍ എന്താണ് തടസ്സമെന്ന് സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു. ഇന്ത്യാ മുന്നണി ജാതി സെന്‍സസിന് അനുകൂലമാണ്. കോണ്‍ഗ്രസും സിപിഎമ്മും ജാതി സെന്‍സസ് വേണമെന്ന് പറയുന്നവരാണ്. ബിജെപിയും ആര്‍എസ്എസും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ജാതി സെന്‍സസ് ആവാം എന്ന നിലപാടിലെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ജാതി സെന്‍സസിന് തുടക്കമായി. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും ജാര്‍ഖണ്ഡിലും ജാതി സെന്‍സസ് നടത്തുന്നുണ്ട്. ഇനി കേരളത്തില്‍ ജാതി സെന്‍സസ് നടത്താന്‍ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനങ്ങള്‍ക്ക് തന്നെ ജാതി സെന്‍സസ് നടത്താന്‍ സുപ്രിംകോടതിയും കേന്ദ്ര സര്‍ക്കാറും അനുവാദം നല്‍കിയിട്ടും ജാതി സെന്‍സസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയില്ല. സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി ആയിരിക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജാതിസെന്‍സസ് പാര്‍ട്ടി നടപ്പാക്കുമെന്ന് പറയുന്നുണ്ട്. മുന്നാക്ക സംവരണം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ സ്ഥിതിവിവര കണക്ക് പോലും ശേഖരിക്കാതെ ധൃതിപിടിച്ച് നടപ്പാക്കിയ സംസ്ഥാനമാണ് ഇടതുപക്ഷ കേരളം. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ ഇത്ര ആവേശം സര്‍ക്കാര്‍ കാണിച്ചിട്ടില്ല.

സംസ്ഥാനത്തെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്നും സര്‍ക്കാറിനെ ആരാണ് തടയുന്നത്? വിഭവങ്ങളുടെ വിതരണത്തിലും അതിന്റെ ഗുണഭോക്താക്കളാകുന്നതിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അറിയുന്നതിന് ആര്‍ക്കാണ് ഭയം? ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നാണല്ലോ വെള്ളാപ്പള്ളി മുതല്‍ കാസക്കാര്‍ വരെ പറയുന്നത്. അങ്ങനെയെങ്കില്‍ അത് കണ്ടത്താനുള്ള അവസരവുമാകും.

അനര്‍ഹമായി നേടിയിട്ടുണ്ടെങ്കില്‍ സംവരണത്തിലും ആവശ്യമായ പുനക്രമീകരണം നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയല്ലേ? വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടണം. അതിന് ആര്‍ക്ക് എന്തൊക്കെ ലഭിച്ചു, ആര്‍ക്കൊക്കെ ലഭിച്ചില്ല എന്ന് അറിഞ്ഞേ തീരൂ. ജാതി സെന്‍സസ് ഒരു നീതിയാണ്. ആ നീതിയെ തടയുന്നത് ഏത് മുഖംമൂടി ഉപയോഗിച്ചാണെങ്കിലും ചെറുത്ത് തോല്‍പിക്കപ്പെടണമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.