കൊച്ചി: സിഎംആർഎലും എക്സാലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സിഎംആർഎലിന് ഒരു സേവനവും നൽകിയിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആർഎൽ കൈമാറിയത് കള്ളപ്പണമായതിനാൽ ഇത് നിയമപരമാക്കാനാണ് എക്സാലോജിക്കുമായി കരാർ ഉണ്ടാക്കിയതെന്ന് സതീശൻ പറഞ്ഞു. കള്ളപ്പണനിരോധനനിയമപ്രകാരമുള്ള അന്വേഷണമാണ് ഇവിടെ നടത്തേണ്ടതെന്ന് സതീശൻ കൂട്ടിച്ചേർത്തു. മാസപ്പടി വിവാദത്തിൽ ഇഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വീണാ വിജയൻ ഐജിഎസ്ടി അടച്ചോ എന്നത് അതിന്റെ ഒരു വശം മാത്രമാണ്. ഗോൾ പോസ്റ്റ് മാറ്റാൻ ആരും ശ്രമിക്കേണ്ടെന്നും സതീശൻ പറഞ്ഞു.