കോഴിക്കോട്: തിക്കോടിയിൽ സ്കൂൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും ഭാര്യയെയും മദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശിയായ വിജയൻ, ഇയാളുടെ ഭാര്യയും സ്കൂൾ ബസ്സിലെ സഹായിയുമായ ഉഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാർ ഭാഗത്താണ് സംഭവം നടന്നത്.

സ്കൂൾ ബസ്സിന് മുന്നിൽ ഒരു കാർ അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്നു. പലതവണ ഹോൺ മുഴക്കിയിട്ടും കാർ യാത്രികർ വഴിമാറാൻ തയ്യാറായില്ല. തുടർന്ന്, ബസ് കാറിനെ മറികടന്ന് കുട്ടികളെ കയറ്റാനായി അല്പം മുന്നോട്ട് നിർത്തി. ഈ സമയം കാറിലെത്തിയ രണ്ട് പേർ ബസ് ഡ്രൈവർ വിജയനെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.

മർദ്ദനത്തിൽ വിജയന്റെ മുഖത്ത് പരിക്കേൽക്കുകയും കണ്ണട നഷ്ടപ്പെടുകയും ചെയ്തു. ഭാര്യ ഉഷ തടയാൻ ശ്രമിച്ചപ്പോൾ അവർക്കും മർദ്ദനമേറ്റു. ഓട്ടോ ഡ്രൈവർ കൂടിയായ വിജയനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പുറക്കാട്ടെ ഓട്ടോ തൊഴിലാളികൾ ഇന്നലെ പണിമുടക്കിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.