- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനലവധിക്ക് മാറ്റമില്ല; മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
വേനലവധിക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവിലെ അവധി ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
വ്യാജ പ്രചാരണത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പരാതി നല്‍കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


