കൊച്ചി: സ്‌കൂളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കണോ എന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ വേണോ എന്ന കാര്യവും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. കണ്ണൂര്‍ പട്ടാനൂരിലുള്ള കെപിസി എച്ച്എസ്എസ് സ്‌കൂള്‍ അധികൃതരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടിസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

സ്‌കൂള്‍ അധികൃതര്‍ എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കില്‍ അത് വിദ്യാഭ്യാസ വകുപ്പ് നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സ്‌കൂള്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ മത്സരിക്കുന്നതും സ്‌കൂളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു വെങ്ങാട്ടേരി, മാനേജര്‍ മനോഹരന്‍ അണ്ടിയങ്കാണ്ടി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.