കൊല്ലം: പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു.

പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീണു.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ജെസ്സിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പത്തനാപുരം പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംസ്കാരം പിന്നീട് നടക്കും.