തിരുവനന്തപുരം: തീരത്തെയും തീരദേശവാസികളെയും ഗുരുതരമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൻ നടക്കുന്ന സമരം സംഘർഷഭരിതമായതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ന്യായമായ ആവശ്യം മുൻനിർത്തിയുള്ള സമരത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള അനിഷ്ടകരമായ സംഭവങ്ങൾ ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും അഷ്റഫ് മൗലവി പറഞ്ഞു.

സമര നേതൃത്വത്തിലുള്ള ഫാ. തിയോഡിഷ്യസ് ഡിക്രൂസ് മന്ത്രി വി. അബ്ദുറഹ്മാനെതിരേ നടത്തിയ വംശീയ പരാമർശം അപലപനീയമാണ്. പേരിൽ തന്നെ രാജ്യദ്രോഹിയുണ്ടെന്ന പ്രസ്താവന വർഗീയ ചിന്തയിൽ നിന്ന് രൂപം കൊണ്ടതാണ്. ഇത്തരം ആളുകളുടെ ഇടപെടലാണോ സമാധാന സമരത്തെ സംഘർഷഭരിതമാക്കിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ചൂണ്ടിക്കാട്ടി.

തീരദേശവാസികളുടെ സമരത്തെ പൊളിക്കാൻ സിപിഎമ്മും ആർ.എസ്.എസും ഐക്യപ്പെട്ടത് ദുരൂഹമാണ്. 35ലധികം പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് സ്റ്റേഷനും വാഹനങ്ങളും ആക്രമിച്ചതും അന്യായമാണ്. പൊലീസ് നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്താം. പക്ഷേ അക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

വിഴിഞ്ഞം സംഘർഷത്തെക്കുറിച്ച് കഥകൾ മെനയുന്നതിനുപകരം സമഗ്രമായ അന്വേഷണവും തുടർനടപടികളുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. ആർ.എസ്.എസ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്നും അഷ്റഫ് മൗലവി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.