- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ്, മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിച്ചു; താൻ പാർട്ടിക്കാരനാണെന്ന് യുവാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പരിപാടിയിൽ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാൾ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.
മുഖ്യമന്ത്രി അപ്പോഴേക്കും താഴെ ഇറങ്ങിയതിനാൽ ഇയാൾ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്യുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി. തൊട്ടടുത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു. പൊലീസ് ഓടിയെത്തി ഇയാളെ താഴേക്കു വലിച്ചിഴച്ചു നീക്കി.
മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഇയാൾ പൊലീസുകാരോട് കയർത്തു. താൻ പാർട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാൽ പ്രശ്നമാകുമെന്നും ഇയാൾ പറഞ്ഞെങ്കിലും പൊലീസ് വകവച്ചില്ല.




