കണ്ണൂർ: ആയിരത്തോളം തടവുകാർ പാർക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും വൻസുരക്ഷാവീഴ്‌ച്ച. കണ്ണൂർ നഗരത്തിന് സമീപമുള്ള പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച്ച വൈകുന്നേരം മൂന്നുമണിക്കാണ് പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയത്.

കാപ്പതടവുകാരന്റെ മർദ്ദനമേറ്റ മോഷണ കേസിലെ പ്രതി നൗഫലിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇയാൾക്ക് പതിനൊന്നാം ബ്ളോക്കിന് സമീപത്തുനിന്നാണ് മർദ്ദനമേറ്റത്. കാപ്പാ തടവുകാരനായ അക്രമിച്ചതെന്നാണ് പരാതി. ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാതടവുകാരും സഹതടവുകാരായ മറ്റു കേസുകളിലെ പ്രതികളും തമ്മിൽ ഏറ്റുമുട്ടുന്നത് ജയിൽ വകുപ്പിന് തലവേദനയായിട്ടുണ്ട്.

കാപ്പതടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലും ഇവിടെ പതിവാണ്. നിസാരകാര്യങ്ങളെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിക്കുന്നത്. നേരത്തെ ജയിലിൽ സംഘർഷമുണ്ടാക്കിയ കാപ്പ തടവുകാരിൽ ചിലരെ പൂജപ്പുരയിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്ക് കഞ്ചാവ് ഒളിപ്പിച്ചെത്തിക്കുന്നവരെ പൊലിസ് പിടികൂടിയിരുന്നു. ജയിലിനകത്തേക്കു പോലും കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

കാസർകോട്ടുനിന്നും പച്ചക്കറിയുമായെത്തിയ ഗുഡ്സ് ഓട്ടോഡ്രൈവറെയാണ് പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നത് ജയിൽ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നേരത്തെ പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വ്യാപകമായിരിക്കുകയാണ്. ഇതുതടയുന്നതിൽ ജയിൽവാർഡർമാർക്ക് വീഴ്‌ച്ച പറ്റുന്നതും ജയിലിൽ ചില തടവുകാർ പ്രത്യേക സൗകര്യങ്ങൾ അനുഭവിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തിലേറെ അന്തേവാസികൾ പാർക്കുന്നുണ്ട്. എന്നാൽ മതിയായ ജീവനക്കാരുടെ അഭാവവും ജയിലിലെ സുരക്ഷയെ അവതാളത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിലിൽ മരിച്ച ഒരു തടവുകാരന് സഹതടവുകാരുടെ മർദ്ദനമേറ്റതായി ആരോപണമുയർന്നിരുന്നു.

എന്നാൽ ഇതിനെ കുറിച്ചു കൂടുതൽ അന്വേഷണമൊന്നും നടന്നിട്ടില്ല. ടി.പി വധക്കേസിലെ പ്രതികളായ ടി.കെ രജീഷ് ഉൾപ്പെടെയുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നുണ്ട്. ജയിലിലെ ഒൻപത്, പത്ത് ബ്ളോക്കുകളിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടയുള്ള വധക്കേസ് പ്രതികളായ രാഷ്ട്രീയ തടവുകാർ കഴിയുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നേരത്തെ വാർത്തയായിരുന്നു.