കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് കൊച്ചി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും, ഒരാഴ്ചത്തെ പ്രതിസന്ധിക്ക് ശേഷം വ്യോമമേഖല ഭാഗികമായി തുറന്നതോടെ ചില സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രം 31 പുറപ്പെടൽ സർവീസുകളാണ് റദ്ദാക്കിയത്; 13 വിമാനങ്ങൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുക. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 11 എണ്ണം മാത്രമാണ് എത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ അഞ്ച് വിമാനങ്ങൾ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആകെ 30 സർവീസുകളാണ് മുടങ്ങിയത്. ഇതിൽ 15 എണ്ണം കരിപ്പൂരിലേക്കുള്ള ഇൻബൗണ്ട് സർവീസുകളും, 15 എണ്ണം കരിപ്പൂരിൽ നിന്നുള്ള ഔട്ട്ബൗണ്ട് സർവീസുകളുമാണ്. ഇന്ന് കരിപ്പൂരിൽ നിന്ന് 24 അന്താരാഷ്ട്ര സർവീസുകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം കരിപ്പൂരിലേക്ക് എത്തേണ്ടതും 12 എണ്ണം പുറപ്പെടേണ്ടതുമാണ്. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് കരിപ്പൂരിൽ നിന്ന് സർവീസുകൾ ഉണ്ടാകും.

സംഘർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പശ്ചിമേഷ്യൻ വ്യോമമേഖല പൂർണമായി അടച്ചിരുന്നത് മാറി ഭാഗികമായി തുറന്നിരിക്കുകയാണ്. നിരവധി വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചുതുടങ്ങി. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് അധിക സർവീസുകൾ ലഭ്യമാണ്. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്ന് ഇന്ന് വിമാന സർവീസുകളുണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്കായി റിലീഫ് ഫ്ലൈറ്റുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.