തിരുവല്ല: കെഎസ്ആർടിസി ബസിനുള്ളിൽ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്.

ആയൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിക്ക് നേരെയാണ് ഷിജു ലൈംഗിക അതിക്രമം നടത്തിയത്. അടൂരിൽ നിന്നും ബസിൽ കയറിയ ഷിജു വിദ്യാർത്ഥിക്കൊപ്പം ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയം മുതൽ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ആരംഭിച്ചു.

ഇയാളുടെ ചെയ്തികൾ സഹിക്ക വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വച്ച് കുട്ടി ബഹളം വച്ചു. ഇതോടെ ബസിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞു വെച്ച് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും എന്ന് പൊലീസ് പറഞ്ഞു.