കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കളരി അഭ്യാസ പഠനകേന്ദ്രത്തില്‍ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി അഭ്യാസ പരിശീലകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരിക്കളെയാ (53)ണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തതത്.

കൊല്‍ക്കത്ത സ്വദേശിനിയാണ് കളരി പരിശീലകനായ സുജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്താണ് 42 കാരിയെ ലൈംഗിക ചുവയോടെ പലപ്പോഴും ശരീരത്തില്‍ സ്പര്‍ശിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കളരിയില്‍ പരിശീലനത്തിനെത്തുന്ന പല യുവതികളോടും സമാനമായ രീതിയില്‍ പ്രതി മോശമായി പെരുമാറുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കളരി പരിശീലകന്‍ സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.