കണ്ണൂർ: മാതാപിതാക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റിയതിനു ശേഷം സ്‌കൂൾ കാലഘട്ടം മുതൽ പത്തുവർഷത്തോളം പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ റിമാൻഡിൽ. വയനാട്ടിലെ സ്‌കൂൾ അദ്ധ്യാപകനായ സുരേഷ് ബാബു(39)വിനെയാണ് കണ്ണൂർ ടൗൺ സി. ഐ എം. അനിലും സംഘവും അറസ്റ്റു ചെയ്തത്. വയനാട്ടിലെ കർണാടക അതിർത്തിയിൽ നിന്നും പിടികൂടിയ പ്രതിയെ മെഡിക്കൽ പരിശോധനയിൽ വിധേയമാക്കിയതിനു ശേഷമാണ് തലശേരി കോടതി റിമാൻഡ് ചെയ്തത്.

സ്‌കൂൾ കാലഘട്ടം മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴിയിൽ പറയുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. പീഡനത്തിനിരയായ പെൺകുട്ടിയെ മെഡിക്കൽ പരിശാധനയ്ക്കു വിധേയുമാക്കി. മജിസട്രേറ്റ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയ പ്രതി പെൺകുട്ടിക്ക് ട്യൂഷൻ എടക്കുകയും പഠനത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകി വരികയും ചെയ്തിരുന്നു. വിവിധ പരീക്ഷകൾക്കായി പെൺകുട്ടിയോടൊപ്പം രക്ഷാകർത്താവായി ഇയാളാണ് പോയിരുന്നത്. ഇത്തരം സാഹചര്യങ്ങളിലെല്ലാം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിന്നീട് പെൺകുട്ടിക്ക് ജോലികിട്ടിയപ്പോഴും പീഡനം തുടർന്നു. ജോലി ലഭിച്ച ശേഷം ഹോസ്റ്റലിൽ താമസിച്ചുവരുന്ന ഇവരെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനസികമായി തകർന്ന യുവതിയെ ശ്രദ്ധിച്ച സഹപ്രവർത്തകർ നൽകിയ പിൻതുണയുടെ അടിസ്ഥാനത്തിലാണ് ഇവർ പൊലിസിൽ പരാതിപ്പെട്ടത്.