തിരുവല്ല : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ 18 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 58 കാരൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58 ) ആണ് പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

കൂത്താട്ടുകുളത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന 18 കാരിയായ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ഏറ്റുമാനൂരിൽ നിന്നുമാണ് തോമസ് ബസ്സിൽ കയറിയത്. പെൺകുട്ടി ഇരുന്നിരുന്ന സീറ്റിന്റെ മധ്യത്തിലാണ് തോമസ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് നേരെ ചങ്ങനാശ്ശേരി മുതൽ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

ബസ് മുത്തൂർ ജംഗ്ഷന് അടുത്ത് എത്തിയപ്പോൾ ഉറക്കം വിട്ടുണർന്ന പെൺകുട്ടി ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച തോമസിനെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും എന്ന് സി ഐ ബി. സുനിൽ കൃഷ്ണൻ പറഞ്ഞു.