കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

യുവതിയെ മൂന്നുമാസം മുന്‍പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു.

ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെ ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. താന്‍ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസില്‍ കയറി. പൊലീസ് പിന്തുടര്‍ന്ന് മലപ്പുറം അതിര്‍ത്തിയില്‍ വച്ച് ബസ് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.