തിരുവല്ല: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയും കയറിപ്പിടിക്കുകയും ചെയ്തയാളെ പൊലീസ് അറസ്്റ്റ് ചെയ്തു. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയ്ക്ക് വന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിന് ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം രാജു(55)വിനെയാണ് അറസ്റ്റ് ചെയ്തത്.

ബുധൻ വൈകിട്ട് അഞ്ചരയ്ക്ക് ബസ് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയപ്പോഴാണ്, മുൻവശം വാതിലിന്റെ പിന്നിൽ രണ്ടാമത്തെ നിരയിൽ ഇടതുവശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ അരികിൽ നിന്ന് യാത്ര ചെയ്ത പ്രതി അതിക്രമം കാട്ടിയത്. യുവതി ബഹളം കൂട്ടിയപ്പോൾ , ഇയാളെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് തടഞ്ഞു വച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. യുവതി സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെത്തുടർന്ന് എസ് ഐ ഐശ്വര്യ മൊഴി രേഖപ്പെടുത്തി, എസ് ഐ ഹുമയൂൺ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സംഘം ബസ്സിനുള്ളിൽ പരിശോധന നടത്തുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. എസ് ഐ സുരേന്ദ്രൻ പിള്ള, എ എസ് ഐ ബിജു എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.