തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ആള്‍ അറസ്റ്റില്‍. വിമാനത്തില്‍ മുന്നിലിരുന്ന യുവതിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് വലിയതുറ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ജോസ്, മുന്നിലിരുന്ന യുവതിയുടെ ശരീരത്തില്‍ കാലുകൊണ്ട് സ്പര്‍ശിക്കുകയായിരുന്നു. ലൈംഗിക അതിക്രമം നേരിട്ട യുവതി ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം തിരുവനന്തപുരത്ത് എത്തിയ ഉടന്‍ വിമാന അധികൃതര്‍ വഴി വലിയതുറ പോലീസിന് വിവരം കൈമാറി.

പോലീസ് വിമാനത്താവളത്തിലെത്തി യുവതിയില്‍ നിന്ന് രേഖാമൂലം പരാതി വാങ്ങി. തുടര്‍ന്ന്, വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രതിയായ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.