തിരുവനന്തപുരം: ഗവർണർക്കെതിരെ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എസ്എഫ്ഐ. യോഗ്യതകൾ മറികടന്ന് ചാൻസലർ കൂടിയായ ഗവർണർ നടത്തിയിട്ടുള്ള സെനറ്റ് നോമിനേഷനിൽ അംഗങ്ങളുടെ ലിസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വെളിപ്പെടുത്താൻ ഗവർണർ തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആവശ്യപ്പെട്ടു. ചാൻസലറെ ക്യാമ്പസുകളിൽ കയറാൻ പോലും അനുവദിക്കില്ല. കരിങ്കൊടി പ്രതിഷേധം അടക്കം വരും ദിവസങ്ങളിലും തുടരുമെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സെനറ്റിലേക്ക് ആർഎസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്യുന്നു എന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ചാടിയിട്ടില്ല. അക്രമം നടത്തിയിട്ടുമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ നാല് എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിയോഗിച്ചതിനെതിരെയാണ് സമരം നടത്തിയത്. കേരളത്തിൽ സർവകലാശാലകളെ സംഘപരിവാറിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനെതിരെയും സർവകലാശാലകളെ കാവിവൽക്കരിക്കുന്നതിനെതിരെയുമാണ് സമരം.സർവകലാശാല ഭരണസമിതികളിൽ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റുന്ന സമീപനം തുടർന്നാൽ സമരം തുടരുമെന്നും ആർഷോ കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ വെങ്കല മെഡൽ നേടിയ വിദ്യാർത്ഥിയെ ഒഴിവാക്കിയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. അക്കാദമിക പ്രാവീണ്യം യോഗ്യതയായിട്ടുള്ള സെനറ്റ് അംഗങ്ങളിൽ ഒരാളുടെ റിസൽറ്റ് ഇതുവരെ വന്നിട്ടില്ല. രണ്ടാമത്തെയാളെ സംബന്ധിച്ച് ഇതുവരെ വന്നത് ബി ഗ്രേഡും സി ഗ്രേഡുമാണ്.കലാമേഖലയുമായി ബന്ധപ്പെട്ട് കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നതാണ് ഗവർണർ നിർദേശിച്ച സെനറ്റ് അംഗത്തിന്റെ യോഗ്യത.സ്പോർട്സുമായി ബന്ധപ്പെട്ട് ബോഡി ബിൽഡർ ആണ് എന്നതാണ് ചാൻസലർ നോമിനേറ്റ് ചെയ്ത മറ്റൊരു സെനറ്റ് അംഗത്തിന്റെ യോഗ്യത. ഇങ്ങനെ എല്ലാതരത്തിലും യോഗ്യതകൾ മറികടന്നാണ് ചാൻസലർ സെനറ്റ് നോമിനേഷൻ നടത്തിയിരിക്കുന്നത്. ഈ ആളുകളുടെ വിവരം ചാൻസലർക്ക് എങ്ങനെ ലഭിച്ചു എന്നത് വെളിപ്പെടുത്താൻ തയ്യാറാകണം.കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിഎംഎസ് നേതാവിന്റെ ഭാര്യ ഗവർണറുടെ പ്രതിനിധിയായി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ആർഷോ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിൽ 18 അംഗങ്ങളെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. ഇതിൽ 16 പേരെയും ഗവർണറാണ് നോമിനേറ്റ് ചെയ്തത്. സർവകലാശാല നൽകിയ പട്ടികയിൽ നിന്ന് രണ്ടുപേരെ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിൽ രണ്ടുപേർ ലീഗ് നേതാക്കളാണ്. മറ്റു രണ്ടുപേർ കോൺഗ്രസ് അംഗങ്ങളാണ്. കേരളയിൽ 17ൽ രണ്ടുപേർ കോൺഗ്രസുകാരാണ്. സംഘപരിവാറിന്റെ ഏജന്റ് ആയ ചാൻസലർ ഇട്ടുകൊടുക്കുന്ന അപ്പകഷണം ഭക്ഷിച്ചിട്ട് അദ്ദേഹത്തിനും ആർഎസ്എസിനും പാദസേവ ചെയ്യുന്ന തരത്തിലേക്ക് കോൺഗ്രസ് നേതൃത്വം അധഃപതിച്ചെന്നും ആർഷോ ആരോപിച്ചു.